ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

> > > >
ഈ അടുത്ത് 'ആനീസ് കിച്ചന്‍ ' പരിപാടിയുടെ വീഡിയോ ക്ലിപ്പുകള്‍ കാണിച്ചു കുറെ ട്രോളുകള്‍ ഇറങ്ങിയിരുന്നു. രണ്ടു സിനിമാ നടികളുമായി വ്യത്യസ്ത സമയങ്ങളില്‍ അവതാരക നടത്തിയ സംഭാഷണ ശലകമാണ് അങ്ങോളമിങ്ങോളം എല്ലാവരും ഷെയര്‍ ചെയ്തത്. ആദ്യ നടിയുമായുള്ള അഭിമുഖത്തില്‍ അവതാരക വളരെ സന്തുഷ്ടയാണ്: എന്തിനാണ് ഫെമിനിസം ! ഇക്വാലിറ്റി വരട്ടെ ! ആണിന് ഒരു പടി താഴെത്തന്നെ പെണ്ണുങ്ങള്‍ നില്‍ക്കുന്നതാണ് സേഫ്!... അതാണതിന്റെ റേഷ്യോ! എന്നിങ്ങനെ പോകുന്നു വാദങ്ങള്‍. എന്നാല്‍ രണ്ടാമത്തെതില്‍ അവതാരകയ്ക്ക് നിരാശയാണ് ഫലം എന്ന് തോന്നുന്നു. പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഫെമിനിസ്റ്റ് ആശയങ്ങളായിരുന്നു അതിഥി അതില്‍ മുന്നോട്ട് വെച്ചത്. അവതാരകയുടെ 'നല്ല വീട്ടമ്മ' പരിപ്രേക്ഷ്യം വേണ്ടത്ര രീതിയില്‍ അവിടെ ചെലവായില്ല എന്ന്! വേണം മനസിലാക്കാന്‍.
ഒരു പുരുഷനാണ് ഇത്തരത്തില്‍ ചിന്തിക്കുന്നതെങ്കില്‍ ആ (അ)യുക്തി മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. പക്ഷേ എന്തുകൊണ്ടായിരിക്കും സ്ത്രീകള്‍ തന്നെ, പുരുഷാധിപത്യ (Patriarchal) വ്യവസ്ഥിതിയില്‍ സ്വയം ആശ്വാസം കണ്ടെത്തുകയും അതിനെ ലാളിക്കുകയും ചെയ്യുന്നത് ? എന്തുകൊണ്ടാണ് തലമുറകളിലേക്ക് ഈ വിഴുപ്പ് കൈമാറ്റം ചെയ്യാന്‍ ഇത്ര ഉത്സാഹിക്കുന്നത്?
"I freed a thousand slaves. I could have freed a thousand more if only they knew they were slaves"
"ഞാന്‍ ആയിരം അടിമകളെ മോചിപ്പിച്ചു. അടിമകളാണെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ആയിരം പേരെ കൂടി മോചിപ്പിക്കാമായിരുന്നു" എന്ന ഹാരിയറ്റ് ടബ്മന്റെ (Harriet Tubman) പ്രശസ്ത വാചകം ഇവിടെ പ്രസക്തമാണ്. സാമൂഹികമായ ഏതൊരു തരംതാഴ്തലില്‍ നിന്നും വിമോചനം സാധ്യമാകണമെങ്കില്‍ താന്‍ അടിമത്വതിലാണെന്നും അതിനെ പ്രതിരോധിക്കേണ്ടത് ആവശ്യമാണെന്നുമുള്ള ബോധ്യം സ്വയം ഉണ്ടാവേണ്ടതുണ്ട്. ചരിത്രത്തില്‍ നടന്നിട്ടുള്ള സാമൂഹിക പരിഷ്‌കരണങ്ങള്‍ അത്രയും വിജയം കണ്ടിട്ടുള്ളത് ഇത്തരം തിരിച്ചറിവില്‍ നിന്നുമാണ്. നിലനിന്ന വ്യവസ്ഥിതികളെ പൊളിച്ചെഴുതി മാത്രമാണ് കാലികമായ മാറ്റങ്ങള്‍ സമൂഹം കൈവരിച്ചിട്ടുള്ളത്. വ്യക്തികളില്‍ ഉടലെടുക്കുന്ന ചിന്തയുടെ നാളമാണ് സമൂഹത്തിനാകെ നിരന്തരം വെളിച്ചം പകര്‍ന്നിട്ടുള്ളത്. ആ വെളിച്ചത്തില്‍ സുഭിക്ഷം ജീവിക്കുകയും സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇന്നത്തെ ബഹുപൂരിപക്ഷവും എന്ന്‌നുള്ളതാണ് വേദനിപ്പിക്കുന്ന വസ്തുത. സമൂഹം മാറിയിട്ട് നമുക്ക് മാറാം എന്നു കരുതി പുരോഗമനത്തിന്റെ അവസാന ബസ് കാത്ത്തിര്ക്കരിക്കുന്നവരാണ് അവര്‍. അതേ ബസ്സില്‍ കയറ്റാനാണ് തങ്ങളുടെ മക്കളെ ഇവര്‍ 'വളര്‍ത്തി വലുതാക്കുന്നതും'.
![]() |
Photo by chloe s. on Unsplash |
കേവലം പുരുഷപക്ഷ വീക്ഷണത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. അതിനെ സ്വജീവിതത്തില്‍ നിന്നും വേരോടെ പിഴുതെറിയാന്‍ ഏത് പുരോഗമനവാദിയായ പുരുഷനും പണിപ്പെടും. നമ്മള്‍ ചിന്തിക്കുന്ന പോലെ ജീവിക്കാന്‍ പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവരുടെ സഹകരണവും ആവശ്യമായി വരും. സമത്വ വാദികളായ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുമ്പോള്‍ അവരുടെ, സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പലപ്പോഴും ബന്ധുക്കള്‍ വിലങ്ങു തടിയാവാറുണ്ട്. പരമ്പരാഗത പ്രമാണങ്ങളും മാമൂലുകളും അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നവര്‍ വെമ്പുന്നത് കാണാം. നമ്മുടെ മസ്തിഷ്‌കത്തോട് തന്നെ വേണ്ടും വിധം പൊരുതുകയും, ശേഷം കുടുംബത്തിനോടും സമൂഹത്തിനോടും യുദ്ധം ചെയ്തും മാത്രമേ അത്തരം ചിന്തയുടെ അവസാന കണികയും ജീവിതത്തില്‍ നിന്നും അകത്തു മാറ്റാന്‍ പറ്റൂ. അതുകൊണ്ട് തന്നെ, ഇന്നത്തെ സാഹചര്യത്തില്‍ സമത്വം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു ഫെമിനിസ്റ്റ് ആവാതെ തരമില്ല.
ഫെമിനിസത്തെ തെറ്റായിട്ടാണ് പലപ്പോഴും സമൂഹം വ്യാഖ്യാനിച്ചു പോരുന്നത്. നിരവധി അഭിമുഖങ്ങളില്‍ സിനിമ, രാഷ്ട്രീയ, മേഖലകളില്‍ ഉള്ളവര്‍ പുച്ഛത്തോടെ ഫെമിനിസത്തെയും ഫെമിനിസ്റ്റുകളെയും അഭിസംബോധന ചെയ്യുന്നത് നിരന്തരം കാണാനാകും. സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റുകള്‍ക്കു നേരെയുള്ള അലമുറകള്‍ അതിരുകടക്കുന്നതാണ്.
അടിച്ചമര്‍ത്തപ്പെട്ട ഇതൊരു വിഭാഗത്തിനും ഉയര്‍ച്ചക്ക് കരുത്തേകാന്‍ എക്കാലത്തും തത്വശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ട്. തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളായാലും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളായാലും അത്തരത്തില്‍ രൂപീകൃതമായവയാണ്. ഫെമിനിസത്തിന് തുല്യനീതി എന്ന വ്യാഖ്യാനമാണ് പൊതുവില്‍ ഉള്ളത്.ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളാകട്ടെ, പാര്‍ശ്വവല്‍കരിക്കപ്പെട്ട സ്ത്രീകളുടെ തുല്യത ഉറപ്പു വരുത്താന്‍ മുന്നിട്ടിറങ്ങിയവയുമാണ്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ സാമൂഹികവും, ശാരീരികവും, മാനസികവുമായ ശക്തീകരണമാണ് അതിന്റെ ലക്ഷ്യം. സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ തരം വിവേചനങ്ങള്‍ക്കും എതിരെ ഉള്ള സമീക്ഷയാണ് ഫെമിനിസം മുന്നോട്ട് വെക്കുന്നത്. വര്‍ധിച്ചു വരുന്ന സ്ത്രീവിരുദ്ധ നിലപാടുകള്‍ സമസ്ത മേഖലയിലും അരങ്ങു വാഴുന്ന ഈ കാലത്തും ഫെമിനിസം ഏറെ പ്രസക്തമാണ്.
ജാതിമതഭേദമന്യേ പങ്കാളിയെ തിരഞ്ഞെടുത്ത് (സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം) വിവാഹം കഴിക്കുന്നതിനോടുള്ള മനോഭാവത്തില്‍ പൊതു സമൂഹത്തിന് കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. എങ്കിലും രണ്ടു വ്യക്തികളുടെ വൈവാഹിക ജീവിതം ഇപ്പോഴും വ്യവസ്ഥകള്‍ കൊണ്ടു നിര്‍മിതമായ ചങ്ങലകളാല്‍ ബന്ധിതമാണ്. സ്ത്രീകള്‍ എപ്പോഴും പേടിയോടും അമ്പരപ്പോടും കൂടിയാണ് കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. വിവാഹം കഴിഞ്ഞ് എവിടെ, എപ്പോള്‍, എങ്ങനെ താമസിക്കണം എന്നുള്ളതില്‍ ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീക്കുള്ള സ്വതന്ത്ര്യനു യാതൊരു വിലയും മുതിര്‍ന്നവര്‍ കല്പിച്ചു കൊടുക്കാറില്ല. വ്യക്തി സ്വാതന്ത്ര്യത്തേക്കാള്‍ മാമൂലുകള്‍ക്ക് ആണ് ഭൂരിപക്ഷത്തിന്റെ വോട്ട്. ഇഷ്ടമില്ലെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ തളച്ചിട്ട ജീവിതമായിരിക്കും മിക്ക സ്ത്രീകള്‍ക്കും. നേരത്തെ പറഞ്ഞ വീട്ടമ്മ പട്ടത്തിനുള്ള പോരാട്ടമാണ് പിന്നെ നടക്കുന്നതെല്ലാം. ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം മുറ പോലെ നോക്കുക എന്നതാണ് അടിസ്ഥാനം. അടിവസ്ത്രം വരെ അലക്കിക്കൊടുത്തു ശീലിപ്പിച്ച അമ്മയുടെ ആ തസ്തികയിലേക്ക് പുതിയ ആള്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തം ആഗ്രഹങ്ങള്‍ പോലും മറന്നു കൊണ്ട്, ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മെഷീന്‍ പോലെ മാറ്റപ്പെടുകയാണ് പല കുടുംബങ്ങളിലെയും സ്ത്രീകള്‍. അതിനുള്ള പരിശീലനം ചെറു പ്രായം മുതലേ രക്ഷിതാക്കള്‍ കൊടുത്തു തുടങ്ങും. 'പൊരിച്ചമീന്‍' ഉദാഹരണത്തിലൂടെ വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനം തുറന്നു പറഞ്ഞ റിമ കല്ലിങ്കലിനെ കണക്കിന് ട്രോളിയ സമൂഹമാണ് നമ്മുടെത്. ഇവിടെ കുടുംബത്തിലെ ആണ്‍പെണ്‍ വിവേചനത്തെക്കുറിച്ച് എത്ര പ്രസംഗിച്ചിച്ചാലും പര്യാപ്തമാവില്ല. പുരുഷന് താഴെ നില്‍ക്കുന്ന സ്ത്രീ എന്നത് കാലഹരണപ്പെട്ട സാമൂഹ്യനിര്‍മ്മിതിയാണ്. അവരുടെ പ്രായ വ്യത്യാസം എത്രയാണെങ്കിലും അങ്ങനെയൊരു റേഷ്യോ ആരും കല്പിച്ചിട്ടില്ല. ഒരുമിച്ചുള്ള ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ് ഉള്ളത്. എങ്ങനെ ജീവിക്കണം എന്നുള്ളത് അവരുടെ മാത്രം തിരഞ്ഞെടുപ്പാണ് (രവീശരല). അത് അങ്ങേയറ്റം നീതിയുക്തവും ജനാധിപത്യപരവുമാക്കാന്‍ പരസ്പരം മത്സരിക്കണം.
പഴയ തലമുറയെ ഉത്‌ബോധിപ്പിച്ച് മാറ്റിയെടുക്കുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണ്. വളര്‍ന്നു വരുന്ന കുട്ടികളിലെങ്കിലും സമത്വബോധത്തിന്റെ വിത്ത് പാകാന്‍ പുതിയ തലമുറ ശ്രമിക്കണം. കുടുംബത്തില്‍ ജനാധിപത്യ മര്യാദകള്‍ പുലരണം. അത്തരത്തില്‍ രക്ഷാകര്‍തൃത്വം ഉടച്ചു വാര്‍ക്കണം. അങ്ങനെ വളരുന്ന തലമുറ സമത്വ ബോധമുള്ളവര്‍ ആയിരിക്കാനാണ് കൂടുതല്‍ സാധ്യത. സമൂഹത്തെ ബാധിച്ച പുരുഷാധിപത്യമെന്ന വൈറസിനെതിരെ നല്‍കാന്‍ കഴിയുന്ന ഒരേയൊരു വാക്‌സിന്‍ തന്നെയാണ് ഫെമിനിസം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ