മതേതര വിവാഹം അല്ലെങ്കിൽ "മിശ്ര" വിവാഹം നമ്മുടെ നാട്ടിൽ എപ്പോഴും കത്തുന്ന വിഷയമാണല്ലോ. അഖില ഹാദിയ ആയപ്പോൾ ഉണ്ടായ പുകിലുകൾ കേരളം കണ്ടതാണ്. 24 വയസുള്ള അഖില മുസ്‌ലീം വിഭാഗത്തിൽ പെട്ട ഷെഫിൻ ജഹാനെ വിവാഹം ചെയ്തത് തന്റെ അറിവോടും സമ്മതത്തോടും കൂടെയാണെന്ന നിലപാടിൽ ഉറച്ചു നിന്നിട്ട് പോലും, ഹൈക്കോടതി ആ വിവാഹം റദ്ദ് ചെയ്യുകയാണുണ്ടായത്. എങ്കിലും, സുപ്രീംകോടതിയിൽ ഈ വിവാഹം അംഗീകരിക്കപ്പെടുകയായിരുന്നു.
അതുപോലെ, ശ്രുതിയുടെ മതേതര വിവാഹം സംബന്ധിച്ചും പിന്നീട് നടന്ന അന്വേഷണങ്ങളിൽ മത പരിവർത്തന കേന്ദ്രങ്ങളിൽ നടക്കുന്ന പീഡനങ്ങളും വെളിവാക്കപ്പെട്ടു. ഏതു മതവും തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ, മതം നോക്കാതെ വിവാഹം കഴിക്കാനോ ഉള്ള വ്യക്തികളുടെ അവകാശത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ യാഥാസ്ഥിതിക സമൂഹം വിലങ്ങു തടിയാണ്. ഈ സംഭവങ്ങളിലൂടെ പ്രബുദ്ധ കേരളത്തിന്റെ അന്തർലീനമായ മതപ്രാന്ത് മറനീക്കി പുറത്തു വരുന്നു. പൊതു ഇടങ്ങളിലെ ചർച്ചകളിലും എഴുത്തുകളിലും അതു പ്രകടമായിരുന്നു. എങ്കിലും, ഇത്തരം കേസുകൾക്കൊടുവിൽ അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കപ്പെടുന്നത് സന്തോഷകരമായ കാര്യം തന്നെ.
1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് (Special Marriage Act) പ്രകാരം ആണ് വ്യത്യസ്ത മതത്തിൽ പെട്ടവരുടെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടേണ്ടത്. മതം അനുശാസിക്കുന്ന ചടങ്ങുകൾ വഴിയല്ലാതെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇതു തന്നെയാണ് നിയമപരമായി ഏക മാർഗം. വ്യത്യസ്ത ജാതിയിലും മതത്തിലുമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾക്കുള്ള നിയമം 1872-ലാണ് രൂപം നൽകുന്നത്. ആ നിയമം പ്രകാരം, മതേതര വിവാഹം കഴിച്ചവർക്ക് സ്വന്തം മത വിശ്വാസം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതു പരിഷ്കരിച്ച രൂപമാണ് ഇന്ന് കാണുന്ന സ്‌പെഷ്യൽ മാര്യേജ് ആക്റ്റ്. എങ്കിലും നിയമം നിർമ്മിക്കുന്ന കാലഘട്ടത്തെ കാഴ്ചപ്പാടുകൾ അനുസരിച്ചാണ് നിബന്ധനകൾ എഴുതപ്പെട്ടിട്ടുള്ളത് എന്ന് ഓർക്കുക. ഈ നിയമ പ്രകാരം, വിവാഹത്തിന് നൽകുന്ന അപേക്ഷ, സബ്-രജിസ്ട്രാർ ഓഫീസിൽ ആർക്കും എളുപ്പം കാണത്തക്ക രീതിയിൽ മുപ്പത് ദിവസത്തേക്ക് പ്രദർശിപ്പിക്കണം എന്നാണ് ഒരു പ്രധാന ചട്ടം (സെക്ഷൻ 6). അതിൽ വിവാഹം കഴിക്കുന്ന വ്യക്തികളുടെ പേരും വിലാസവും ഫോട്ടോയും അടങ്ങുന്ന വ്യക്തിഗത വിവരങ്ങൾ കാണും.
"കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേര്‍ത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും. ലളിതമായും മതരഹിതമായും വിവാഹം നടത്താനുളള നല്ല സാധ്യതയായാണ് അതിനെ കാണേണ്ടത്. പുരുഷാധിപത്യത്തിലും അന്ധവിശ്വാസത്തിലും കുളിച്ചു നില്‍ക്കുന്ന മത വിവാഹങ്ങളെ തഴഞ്ഞുകൊണ്ട്, മാനവികത മാത്രം വിളിച്ചോതുന്ന വ്യക്തിബന്ധങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്"
എല്ലാം ഡിജിറ്റൽ ആയിത്തുടങ്ങിയ മുറയ്ക്ക് കേരളത്തിൽ ഈ അപേക്ഷ സമർപ്പണവും ഓൺലൈനായി ചെയ്യാനുള്ള സൗകര്യം 2016 മുതൽ ലഭ്യമാണ്. എങ്കിലും, രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ മേൽപ്പറഞ്ഞ അപേക്ഷ (നോട്ടീസ്) പ്രദർശിപ്പിക്കുന്ന രീതിയും നിലവിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം, "ലൗ ജിഹാദ്" ആരോപണം ഉന്നയിച്ചു കൊണ്ട് ചില സാമൂഹിക ദ്രോഹികൾ അപേക്ഷ നൽകിയവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും ശേഖരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധം പ്രചരിപ്പിക്കുകയുണ്ടായി. അത്തരത്തിൽ ആരോപണം നേരിട്ട ആതിര-ഷമീം ദമ്പതികളുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ മാധ്യമങ്ങളിലെ ക്യാമ്പയിൻ മൂലം കേരള സർക്കാർ, അപേക്ഷയുടെ പകർപ്പ് വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നത് നിർത്തലാക്കി. വിവാഹ നിയമങ്ങളെ അപേക്ഷിച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ മുപ്പത് ദിവസത്തെ നോട്ടിസ് പിരീഡിന്റെ യുക്തിയും അതോടെ കൂടുതൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.
വധുവോ വരനോ താമസിക്കുന്ന പ്രദേശത്തെ സബ്-രജിസ്ട്രാർ ഓഫീസിൽ തന്നെ വേണം അപേക്ഷ നല്കേണ്ടതും പ്രസിദ്ധപ്പെടുത്തേണ്ടതും. മുപ്പത് ദിവസത്തിനുള്ളിൽ ആർക്കു വേണമെങ്കിലും നിയമം അനുശാസിക്കുന്ന നിബന്ധനകൾക്ക് വിരുദ്ധമാണ് വിവാഹമെങ്കിൽ (വിവാഹിതരാകുന്നവർ തമ്മിൽ രക്തബന്ധം ഉണ്ടായിരിക്കുക, വിവാഹിതരാകുന്നവരിൽ ഒരാൾക്ക് പൂർണ മാനസികാരോഗ്യം ഇല്ലാതിരിക്കുക, ഔദ്യോഗികമായി വേർപെടുത്താത്ത വിവാഹബന്ധം ഉണ്ടായിരിക്കുക, വധുവിന് 18-ഉം വരന് 21-ഉം വയസ്സ് തികയാതിരിക്കുക എന്നീ സാഹചര്യത്തിൽ) എതിർപ്പ് പ്രകടിപ്പിക്കാൻ സാധിക്കും (സെക്ഷൻ 7). അങ്ങനെ വന്നാൽ, പ്രസ്തുത അപേക്ഷയിൽ തീർപ്പു കൽപ്പിക്കാൻ ബന്ധപ്പെട്ട മാര്യേജ് ഓഫീസർക്ക് ചുമതലയുണ്ട്.
നിരവധി തവണ, വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ സെക്ഷൻ 6 അടക്കം സ്‌പെഷ്യൽ മാര്യേജ് ആക്റ്റിലെ പല വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ട് ഹർജികൾ നൽകിയിട്ടുണ്ട്. നോട്ടിസ് പ്രസിദ്ധപ്പെടുത്തലും, വിവാഹത്തിനുള്ള എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവും ഇനിമേൽ നിർബന്ധമില്ല എന്ന അലഹബാദ് ഹൈക്കോടതി ഈ വർഷം ജനുവരിയിൽ നടത്തിയ പ്രസ്താവന പ്രതീക്ഷ നൽകുന്നതാണ്. 2017-ലെ സുപ്രീംകോടതി വിധിയിലൂടെ സ്വകാര്യത (Privacy) ഒരു മൗലികാവകാശമായി അംഗീകരിച്ചതും പ്രസ്തുത നിയമത്തിനെതിരെ പലരും എടുത്തു കാണിക്കുന്നു. കോടതികൾ ഇക്കാര്യത്തിൽ കാലാനുസ്കൃത മാറ്റങ്ങൾ വേണമെന്ന നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും വേണ്ട രീതിയിൽ നടപടികൾ ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരമായ കാര്യം. ആക്ടിലെ നടപടി ക്രമങ്ങൾ ന്യായവും യുക്തവുമാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ പക്ഷം (സെക്ഷൻ 6ഉം 7ഉം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സർക്കാർ ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം).
വിവാഹത്തിലേർപ്പെടുന്ന വ്യക്തികളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനാണ് ഇങ്ങനെ ഒരു നിബന്ധന എന്നാണ് സർക്കാരിന്റെ വാദം. പക്ഷെ, ഇത്തരം നിബന്ധനകൾ മത വിവാഹങ്ങളിൽ നിഷ്കർഷിക്കുന്നില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വസ്തുത. അല്ലെങ്കിലും വിവാഹത്തിന്റെ കാര്യത്തിൽ ഇത്തരം വ്യക്തിഗത പരിശോധനകൾ വിവാഹം കഴിക്കുന്നവരുടെ സ്വന്തം ഉത്തരവാദിത്വമായിത്തന്നെ കാണേണ്ടതുള്ളൂ. അതിനാൽ, സ്‌പെഷ്യൽ മാര്യേജ് വഴിയുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ മാത്രമേ ആ വകുപ്പുകൾ സഹായിക്കൂ.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം തടസ്സങ്ങൾ നിറഞ്ഞതാണെന്നു കണ്ട്, മതപരിവർത്തനം നടത്തി വിവാഹം കഴിക്കേണ്ടതിലേക്ക് പലരെയും നയിക്കുന്നു എന്ന് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വളരെ ശരിയുമാണ്. പൊതു വിവാഹ നടപടികളുമായി താരതമ്യം ചെയ്യുമ്പോൾ സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ നടപടികൾ പലർക്കും വലിയ കടമ്പകൾ നിറഞ്ഞതാണ്. കുടുംബവും നാട്ടുകാരും അറിയാതെ വ്യത്യസ്ത മതത്തിൽ പെട്ട പ്രണയിതാക്കൾ വിവാഹത്തിന് മുതിരുമ്പോൾ, എന്തു കൊണ്ടും സുഖമമായ രീതി, മതം മാറിയതിനു ശേഷം ചടങ്ങുകളോടെയുള്ള വിവാഹമാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകാം.
സെക്ഷൻ 6നും7നും അപ്പുറം, സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ മറ്റു നിബന്ധനകളും പ്രണയിതാക്കൾക്ക് തലവേദനയാണ്. നോട്ടീസ് കൊടുക്കുന്നതിനു മുൻപുള്ള 30 ദിവസമെങ്കിലും പ്രസ്‌തുത ഓഫിസിന്റെ അധികാര പരിധിയിൽ വരനോ വധുവോ താമസക്കാരായിരിക്കണം എന്നാണ് സെക്ഷൻ 5-ൽ പറയുന്നത്. ചുരുക്കത്തിൽ, അപേക്ഷകർ താമസിക്കുന്ന പ്രദേശത്ത് വച്ചു മാത്രമേ വിവാഹം നടത്താവൂ എന്നാണ് പ്രായോഗികമായി നിയമം അനുശാസിക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണു വെട്ടിച്ച് സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം നടത്താൻ തുനിയുന്നവർക്ക് ഇത്തരം നിബന്ധനകൾ വെല്ലുവിളിയാണ്. ഇവയ്ക്കെല്ലാം പുറമെ, കേരളത്തിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ, നൽകിയ അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം എന്നും നിബന്ധനയുണ്ട്. പല ഓഫീസർമാരും ഇതിനു മടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളെല്ലാം അപേക്ഷയുടെ കൂടെ സമർപ്പിക്കുമ്പോഴും ഇത്തരം പുതിയ ചട്ടങ്ങൾ എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. ഇവയെല്ലാം, പ്രതിസന്ധികൾ നേരിട്ടും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ കൂടുതൽ കുഴപ്പത്തിൽ ആക്കുകയെ ഒള്ളു.
ഭൂരിപക്ഷ സമൂഹത്തിന്റെ അംഗീകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹം ഒരു പുരുഷാധിപത്യ നിർമ്മിതിയാണ്. അവിടെ മതവും സമൂഹവും ആണ് ഇടനിലക്കാർ. ഈ രീതിയിൽ നാട്ടുകാരും വീട്ടുകാരും അംഗീകരിച്ച വിവാഹം ആഗ്രഹിക്കുന്നവർ ഒരുപക്ഷേ ഭരണകൂടത്തിന്റെ ഇടപെടൽ ഇഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷെ, വ്യക്തിഗതമായ ഉടമ്പടി എന്ന നിലയിൽ ഏറ്റവും മികച്ച രീതി സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹമാണ്. വ്യക്തി സ്വാതന്ത്ര്യം കൂടുതൽ സംരക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇതിലൂടെ തന്നെ. പക്ഷെ, അതിനു തടയിടുന്നത് നിഷ്ക്രിയമായി നോക്കി നിൽക്കുന്ന ഭരണ വ്യവസ്ഥയാണ്. വിവാഹ പ്രായമായ രണ്ടു വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ടെന്നും, മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഇവിടെ പ്രസക്തിയില്ലെന്നുമുള്ള
ഹാദിയ-ഷെഫിൻ ജഹാൻ കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധി ഇതിനോടാപ്പം കൂട്ടി വായിക്കണം. അത്യന്തം പ്രശംസനീയവും പ്രസക്തവും ആണ് ആ വിധി. മതം തിന്നു ജീവിക്കുന്ന രാജ്യത്തെ മതേതര ഭരണഘടന നല്കുന്ന പ്രതീക്ഷയാണത്. ഒരാൾ വിവാഹം കഴിക്കുന്ന വ്യക്തിയുടെ ഗുണദോഷങ്ങൾ വിവാഹം കഴിക്കേണ്ടവർ തന്നെയാണ് പരിശോധന വിധേയമാക്കേണ്ടത്. പുറത്തു നിന്നുള്ളവർക്ക് അതിൽ പറയത്തക്ക ഉത്തരവാധിത്വം ഇല്ല.
വ്യത്യസ്ത മതസ്ഥരുടെ വിവാഹത്തിന്റെ തടസ്സങ്ങൾ ലഘൂകരിക്കുന്നത് പോലെത്തന്നെ പ്രധാനമാണ് സ്വവർഗ്ഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടേണ്ട ആവശ്യകതയും. യഥാർഥത്തിൽ ജാതി, മത, ലിംഗ ഭേദമന്യേയുള്ള സുഗമമായ വിവാഹങ്ങൾ സാധ്യമാകുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. അത്തരത്തിൽ, അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട്.
കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. അപേക്ഷയും സർട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേർത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റർ ചെയ്യാനാകും. ലളിതമായും മതരഹിതമായും വിവാഹം നടത്താനുളള നല്ല സാധ്യതയായാണ് അതിനെ കാണേണ്ടത്. പുരുഷാധിപത്യത്തിലും അന്ധവിശ്വാസത്തിലും കുളിച്ചു നിൽക്കുന്ന മത വിവാഹങ്ങളെ തഴഞ്ഞുകൊണ്ട്, മാനവികത മാത്രം വിളിച്ചോതുന്ന വ്യക്തിബന്ധങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പ്രണയം സമൂഹ നിർമ്മിതികൾക്കും സാമ്പ്രദായിക കെട്ടുപാടുകൾക്കുമപ്പുറം മാനവികതയിലേക്ക് നിർവിഘ്‌നം ഒഴുകട്ടെ.
This article is published in Essense Global (click here)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ