ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

"ഇങ്ങോട്ട് നോക്കണ്ട കണ്ണുകളേ... കാണുവാൻ ഈടൊരു കുന്തോമില്ല... ... നാടല്ലേ നാട്ടു നടപ്പിതല്ലേ.. വീടല്ലേ വീട്ടു വഴക്കമല്ലേ..."

സ്ക്രീനിലെ കാഴ്ചകൾ വേണ്ടുവോളം മനസ്സിൽ പതിപ്പിക്കാൻ സിനിമയിൽ ഉടനീളം വരുന്ന ഈ വരികൾക്കായിട്ടുണ്ട്. എന്തൊരു നല്ല സിനിമ !!!❤️
'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത ഒരു വിഷയത്തെ തികച്ചും "നല്ല" നർമ്മത്തോടെയും മികച്ച ആഖ്യാനത്തിലൂടെയും വ്യത്യസ്തമായി നമ്മളിലേക്ക് 'ജയ ജയ ജയ ജയഹേ' എത്തിച്ചു. അത് തന്നെയല്ലേ സിനിമയുടെ മാജിക്. ✨


അതിൽ, അഭിനേതാക്കളുടെ മിടുക്ക് എടുത്ത് പറയേണ്ടതാണ്... ബേസിലും ദർശനയും നാച്വറൽ ആയി റോൾ കൈകാര്യം ചെയ്യുമ്പോൾ, മറ്റു അഭിനേതാക്കളുടെ എക്സ്പ്രസ്സീവ് ശൈലി സിനിമയ്ക്ക് നല്ല ഓളം നൽകി. കുടുംബാംഗങ്ങളുടെ കപടത അത്തരം dramatic ആയ അഭിനയത്തിലൂടെ രസകരമായി കാണിച്ചു. കോമഡിയുടെ കൂടെ എല്ലാ സന്ദർഭത്തിൻ്റേയും ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനേതാക്കളുടെ കയ്യടക്കം എടുത്ത് പറയേണ്ടതാണ്. നല്ല തിരക്കഥയും സംവിധാന മികവും.👏

എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. കണ്ടിട്ട്, വീട്ടിലേക്ക് കൊണ്ട് പോകേണ്ട സിനിമ... പൊളിറ്റിക്കൽ കറക്റ്റ്നെസ് വരികളിൽ കുത്തി നിറച്ച് പേരിനു വേണ്ടി പടച്ചു വിടുന്ന പല സിനിമാക്കാരും കണ്ട് പഠിക്കേണ്ടത്, എത്രത്തോളം ഇൻ്റെൻസ് ആയി അതേ ആശയങ്ങളെ, cinematic ആയി അവതരിപ്പിക്കാം എന്നുള്ളതാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചെനിൽ... അടുക്കളപ്പണിയുടെ വിരസതയും വൃത്തികേടുകളും ആവർത്തിച്ച് വരുന്ന സീനുകൾ പ്രേക്ഷകരിൽ ആഴത്തിൽ തറയുന്നത് പോലെ, ജയ...ഹേയിൽ ഗാർഹിക പീഡനത്തിൻ്റെ സീനുകളുടെ ആവർത്തനവും കാണാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ അത്തരം സീനുകളും, സിനിമയുടെ ആകെയുള്ള ഒഴുക്കും പലരെയും മടുപ്പിച്ചതായും സിനിമയെ വേണ്ടവിധം മനസ്സിലാക്കാൻ കഴിയാതെ പോയതായും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ജയ...ഹേ, ആ വിടവ് ഭംഗിയായി നികത്തുന്നു.

ആചാര-പാരമ്പര്യ സംരക്ഷകർക്കു വയറു നിറച്ച് കൊടുക്കുന്നുണ്ട് ഈ സിനിമ. കപട പുരോഗമന വാദികളെ (പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാരെ) തുറന്ന് കാണിക്കാൻ ഒരു കഥാപാത്രത്തെ തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചു സംസാരിക്കുമ്പോൾ ഇസ്ലാമിന് ഇട്ട് കൊടുക്കുന്ന രസകരമായി ഒരു സീൻ ഉണ്ട്. സുവിശേഷ പ്രാസംഗകരെയും വെറുതെ വിട്ടിട്ടില്ല. പല സീനുകളിലും പശ്ചാത്തലത്തിൽ അമ്പല പരിസരം കടന്നു വരുന്നത് പോലും സ്വാഭാവികമായിരിക്കില്ല. കുടുംബത്തിലെ വിവേചനത്തിൻ്റെ വേര് തപ്പിയിറങ്ങുമ്പോൾ മതത്തിലും മറ്റു അന്ധവിശ്വാസത്തിലും (ആചാര-സാംസ്കാരിക പരമായ) എത്തി നിൽക്കും എന്ന് കൂടെ കാണണം. സിനിമയുടെ പശ്ചാത്തലം "രാജ്ഭവൻ" എന്ന ഒരു ഹിന്ദു കുടുംബത്തിലെ സംഭവങ്ങൾ ആണെങ്കിലും, ഇത് അതിലേക്ക് ഒതുക്കേണ്ടതുമല്ല.

എല്ലാ കുടുംബത്തിലും സ്വതന്ത്ര്യവും സമത്വവും പുലരണമെങ്കിൽ സ്വയമേവ മാറ്റങ്ങൾ കൊണ്ടുവരണം. അല്ലാതെ സമൂഹത്തിലെ ജീർണതകളെ ചൂണ്ടിക്കാണിച്ച് ഇളിച്ചിട്ട് കാര്യമില്ലല്ലോ. ഇങ്ങനെ മുൻപും പറയുമ്പോഴും എഴുതുമ്പോഴും പലരും ചോദിക്കുന്ന ചോദ്യമുണ്ട്: കുടുംബത്തിൽ ജനാധിപത്യ മര്യാദകൾ വേണം വേണം എന്ന് പറയുമ്പോൾ.. അതെങ്ങനെ എന്ന് നിങ്ങൾ പറയുന്നില്ലാലോ?? എന്ന്. ഹേ... നിഷ്കളങ്കരേ, ഒരോ നിമിഷവും നിങ്ങളുടെ ജീവിതത്തിലെ സംസാരത്തിലും പ്രവർത്തിയിലും അത്തരം മര്യാദയുടെ ലംഘനമുണ്ട്. അത് ഏറിയും കുറഞ്ഞും പലരിലും കാണും. ആരും പെർഫെക്റ്റ് അല്ല. സ്വയം അത് തിരിച്ചറിയുന്നില്ല എന്നതും, പരിവർത്തനത്തിന് മനസ്സ് ഇത് വരെ പാകപ്പെട്ടിട്ടില്ല എന്നതുമാണ് കൂടിയാണ് ആ ചോദ്യത്തിന് ആധാരം.

നിങ്ങൾ കൊടുത്തിട്ട് വേണ്ട നിങ്ങളുടെ പങ്കാളിക്ക് സ്വാതന്ത്ര്യം കിട്ടാനെന്നും, ഒരു വ്യക്തി എന്ന നിലയിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് നടപ്പിലാക്കാനും എല്ലാവിധ അവകാശങ്ങളും ഒരു സ്ത്രീയ്ക്കും ഉണ്ടെന്ന തിരിച്ചറിവും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഇത് അത്ര എളുപ്പമല്ല. ബോധപൂർവമായ, നിരന്തരമായ പർശോധന ആവശ്യമുള്ള കാര്യം തന്നെയാണ്. കാരണം, സമൂഹം നമ്മിൽ അടിച്ചേൽപ്പിച്ച പലതും തിരസ്കരിച്ചുള്ള യാത്രയാണത്. A deep unlearning process. അതിലുപരി അവനവൻ നഷ്ടപ്പെടുത്തേണ്ടി വരുന്ന പ്രിവിലേജുകളും!

കുട്ടിക്കാലം മുതൽ പുരുഷൻ ജീവിതത്തിൽ അടിമുടി അനുഭവിക്കുന്ന പ്രിവിലേജുകളും, അതില്ലാതെ ഒരു സ്ത്രീ വളരുന്നതും സിനിമയിൽ പരാമർശിച്ചു പോരുന്നുണ്ട്. സ്വന്തം അഭിപ്രായം വീട്ടുകാരും ബന്ധുക്കളും; എന്തിന് വഴിയേ പോക്കുന്നവർ വരെ രൂപപ്പെടുത്തുന്ന അവസ്ഥ!! അവനവൻ്റെ ജീവിതം മറ്റാരോക്കെയോ വാർത്തെടുക്കുന്ന കളിമൺ പാത്രങ്ങൾ പോലെയാകുന്ന ഒരുപാട് പെൺകുട്ടികളുടെ ദുരവസ്ഥ! 

ഈ പുരുഷാധിപത്യ വ്യവസ്ഥയിൽ സ്ത്രീ തന്നെയാണ് കൂടുതൽ വെന്തുരുകുന്നതെങ്കിലും, ചട്ടക്കൂടുകളിൽ നിന്നും പുറത്ത് വരാൻ വെമ്പുന്ന പുരുഷനും വറ ചട്ടിയിൽ തന്നെ ആയിരിക്കും. ഒറ്റപ്പെടലും, പരിഹാസവും വേട്ടയാടും. മനുഷ്യ വംശത്തോളം പഴക്കമുള്ള ആൺകോയ്മയുടെ മരം അവനവനിൽ നിന്നും പിഴുതു മാറ്റണമെങ്കിൽ, ഒരു സ്വതന്ത്ര മനുഷ്യനായി സ്വയം മാറണമെങ്കിൽ അതനുഭവിക്കാതെ തരമില്ല. സ്വതന്ത്ര ചിന്തയുടെ പുതിയ വിത്തുകൾ വരും തലമുറയ്ക്കെങ്കിലും ഫലം തരും. ❤️


#jayajayajayajayahey

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്തുകൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് പ്രോൽസാഹിപ്പിക്കപ്പെടണം?

മൃഗബലി: കുറ്റവും ശിക്ഷയും

വിവാഹ ബന്ധം വേര്‍പിരിയുമ്പോൾ