അടുത്തിടെയാണ് ന്യൂസ് 18-ൽ പാലക്കാട്ടിലെ കൊല്ലങ്കോട് എന്ന സ്ഥലത്ത് ചിങ്ങൻ ചിറ ക്ഷേത്രത്തിലെ മൃഗ (പക്ഷി) ബലിയെക്കുറിച്ച് ഒരു വാർത്ത വന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ ഇതേ ക്ഷേത്രം മാതൃഭൂമിയിലും ഒരു വാർത്തയായിരുന്നു. അത് നെന്മാറ സി.ഐ യുടെ നേതൃത്വത്തിൽ നടന്ന മൃഗ ബലിയെക്കുറിച്ചായിരുന്നു. എല്ലാ വെള്ളിയാഴ്‌ചയും ഞായറാഴ്ചയും ഇവിടെ ആടിനെയും കോഴിയേയും ബലി കഴിപ്പിക്കാറുണ്ട് എന്നാണ് വിവരം.
1968ലെ കേരള മൃഗ, പക്ഷി ബലി നിരോധന നിയമത്തിലൂടെ (The Kerala Animals and Birds Sacrifices Prohibition Act) ഈ ആചാരം സംസ്ഥാനത്ത് നിരോധിച്ചതാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ്, മലപ്പുറത്തെ പ്രസിദ്ധമായ കളിയാട്ടക്കാവിൽ നിയമ വിരുദ്ധമായി കോഴികളെ ബലി ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി അത് തടഞ്ഞു കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരത്തിൽ ബലി നടക്കാതെ നോക്കേണ്ട ചുമതല പോലീസിനെ കർശനമായി ഏൽപ്പിക്കുകയും ചെയ്തു. കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു നടപടി.
1968ലെ നിയമ പ്രകാരം ക്ഷേത്രത്തിലോ, ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പരിസരത്തുള്ള സ്ഥലത്തോ കെട്ടിടത്തിലോ (ക്ഷേത്രത്തിന്റെ സ്വന്തം ആവണമെന്നില്ല) ഇത്തരത്തിലുള്ള ബലി നിരോധിച്ചിട്ടുണ്ട്. ഇവിടെ ക്ഷേത്രം എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രത്യേക നേട്ടങ്ങൾക്കായോ, അവകാശമായോ മതപരമായ ആചാരങ്ങൾ പൊതുവായി നടത്തുന്ന സ്ഥലം എന്ന അർത്ഥത്തിലാണ്. ബലി നടത്തുന്നയാൾ മാത്രമല്ല, അതിനു നേതൃത്വം നൽകുന്നതും കൂട്ടു നിൽക്കുന്നതും കുറ്റകരം തന്നെ. മൂന്നു മാസം വരെ തടവും 300 രൂപ വരെ പിഴയുമാണ് ഈ നിയമ പ്രകാരം ചുമത്തുന്ന ശിക്ഷ.
കേരളത്തിലെ നിരവധി പൊതു ക്ഷേത്രങ്ങളിലും കുടുംബ ക്ഷേത്രങ്ങളിലും പ്രത്യേക പ്രതിഷ്ഠയുള്ള ഇടങ്ങളിലും ഈ ദുരാചാരം പതിവാണ്. ഗോത്രീയമായ ജീവിത ശൈലിയിൽ നിന്നും ആധുനിക മനുഷ്യൻ മോചനം പ്രാപിച്ചിട്ടില്ല എന്നതിനുള്ള ഒരുപാട് ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് ഇത്. ദേവ പ്രീതിക്കായി മൃഗങ്ങളുടെയോ പക്ഷികളുടെയോ രക്തം ചിതറിക്കുന്നതിന് പൊതുവിൽ പുരോഗമനക്കാരെന്നു അവകാശപ്പെടുന്ന വിശ്വാസികൾ തന്നെ എതിരാണ്. അതുകൊണ്ട് തന്നെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ഇത് പരസ്യമായി നടത്തപ്പെടുന്നുള്ളു. ഗ്രാമപ്രദേശങ്ങളിലെ ചെറു ക്ഷേത്രങ്ങളിൽ നിലനിന്നു പോരുന്ന ഈ ദുരാചാരങ്ങളുടെ ഉദാഹരണങ്ങളാണ് മുകളിൽ വിവരിച്ചത്.
അതിനുമപ്പുറം കുടുംബ ക്ഷേത്രങ്ങളിലും ചെറിയ ആചാര അനുഷ്ഠാനങ്ങൾക്കുള്ള പ്രത്യേക സ്ഥാനങ്ങളിലും പ്രതിഷ്ഠാ ദിനത്തോടും മറ്റും അനുബന്ധിച്ചു നടക്കുന്ന സ്ഥിരം കെട്ടുകാഴ്ചയാണിത്. കുടുംബ സംഗമത്തിന്റെ പേരിൽ ഇന്നും ദുരാചാരം നിറഞ്ഞാടുന്ന ഇത്തരം വേദികളിൽ മദ്യവും ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. ഇത്തരത്തിൽ ഒരു ദുരാചാരം നിലനിർത്തി പൊരുന്നതിനും ഒന്നിച്ചുള്ള മദ്യപാനത്തിനും അമിത ധന ദുർവ്യയത്തിനും മാത്രമായി കുടുംബ സംഗമങ്ങൾ തരം താണു പോകുന്നു എന്നുള്ളത് ലജ്ജാവഹം തന്നെ. ഏതു വിധേനയും നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ആർത്തിക്കിടയിൽ ശാസ്ത്രാവബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെ മസ്തിഷ്‌കത്തിന് ഈ വിധം അന്ധവിശ്വാസ പ്രചാരണ യന്ത്രമാകുവാനെ തരമുള്ളൂ. പരിഷ്‌കൃത സമൂഹത്തിന്അം ഗീകരിക്കാൻ കഴിയാത്ത എല്ലാവിധ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും തൂത്തെറിയാൻ നമ്മൾ ആർജ്ജവം കാണിക്കേണ്ടതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ